http://sreethaalam.blogspot.in/

2011, ജൂലൈ 31, ഞായറാഴ്‌ച

Vyadha....(Malayalam poetry by-Dr.M.S.Sreekumar)

വ്യഥ......
(മലയാള കവിത-ഡോ.എം.എസ്.ശ്രീകുമാര്‍


മനം തപിക്കുന്നു,ശിരസ്സുവേവുന്നു 
മനോഹരാര്‍ദ്രമാം നയനരശ്മികള്‍ 
ചുവന്ന കുങ്കുമക്കടുംപൊട്ടുതൊട്ടോ-
രനന്തനീലാംബരമോ വാനവും...

കനലിന്‍ കൂമ്പാര ത്തെരികാറ്റിന്‍ ശര-
പ്പെരുംപ്രവാഹത്തിലുയരും തീപോലെ
മറയ്ക്കാന്‍ നോക്കിലു മണയ്ക്കാന്‍ നോക്കിലും 
പതിന്‍ മടങ്ങായിത്തെളിഞ്ഞുകത്തുന്നോ?!

പ്രചണ്‍ഡമാരുത പ്രവാഹമായ്ത്തീര്‍ന്നോ
കുളിര്‍ന്നതെന്നലായിയന്ന ശീലുകള്‍
മറച്ചു മാറ്റുവാനുരച്ചുനീക്കുവാന്‍
നിനച്ച നേരങ്ങള്‍ പ്രവൃത്തിചെയ്കിലും...


ഉരയ്ക്കും വജ്രത്തിന്‍ തിളക്കമാര്‍ന്നപോല്‍ 
പ്രകാശ വേഗങ്ങള്‍ പറന്നുകേറിയോ?!
ഉരയ്ക്കും വജ്രത്തിന്‍ തിളക്കമാര്‍ന്നപോല്‍ 
പ്രകാശ വേഗങ്ങള്‍ പറന്നുകേറിയോ?!

ഉറക്കം കണ്‍പോളയ്ക്കതിഥിയായ്ത്തീര്‍ന്നോ
മനസ്സില്‍ മൌനങ്ങള്‍ ഉറക്കെപ്പാടുന്നോ 
കൊഴിഞ്ഞ പൂവുകള്‍ തിരിച്ചുവന്നൊരാ-
മലര്‍ മൊട്ടില്‍വീണ്ടു മിഴുകിനില്‍ക്കുന്നോ?!

കുഴിഞ്ഞ കണ്ണിലൂടൊഴുകും നീരിലൂ-
ടരിയ കാഴ്ചതന്‍ തിരശ്ശീല നോക്കെ-
അരിയ കാഴ്ചതന്‍  തിരശ്ശീല നോക്കേ...

ശവപ്പറമ്പിന്റെ ഹൃദയം പേറുന്ന 
മുഷിഞ്ഞു നാറിയ കരള്‍പ്പൂക്കള്‍ക്കായി 
തപിച്ച കണ്‍ഒന്നായ് തിരഞ്ഞുനോക്കവേ...
നെടു നിശ്വാസങ്ങള്‍ ഉയര്‍ന്നു പൊങ്ങവേ... 

മറയുന്ന സൂര്യ മൃദുകിരണങ്ങള്‍ 
നിറയും പൂക്കളില്‍ പ്രഭ ചൊരിയവേ...
നിറയും പൂക്കളില്‍ പ്രഭ ചൊരിയവേ...

അതിനും മേലെയായ് തെളിഞ്ഞ മാനത്തില്‍
ഇളം നീലാംബരമുടുത്തു നില്‍ക്കുന്ന 
ചുവന്ന പൊട്ടുള്ള തണുത്ത സന്ധ്യതന്‍  
കഴുത്തില്‍ച്ചാര്‍ത്തിയ കടല്‍ മുത്തിന്‍മാല-
യ്ക്കിടയിലൂടതാ മുനിഞ്ഞു കത്തുന്നു...


ഇടയിലൂടതാ മുനിഞ്ഞു കത്തുന്നു...
നിറഞ്ഞ സാഗരത്തിരുളിന്‍ തീരത്തില്‍ 
വിളക്കു മാടത്തിന്‍ പ്രകാശംപോലവേ 
മറച്ചു വയ്ക്കിലും തെളിഞ്ഞു കാണുന്ന 
ഹൃദയരാഗത്തിന്‍ മൃദുലതംബുരു.... !


YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/
                                                                        
                                                                      26-7-11 
































1 അഭിപ്രായം: