...............Pattata ppattu................ |
ഉയരും തീക്ഷ്ണജ്വാല പ്രഭ തന്‍ കൊടുംചൂടില്‍
നയന ദ്വയമിന്നു മഞ്ഞളിച്ചീടുന്നല്ലോ.
വനത്തിന്‍ കല്ലോലിനി,മൃദു സംഗീതധ്വനി-
തുടുത്തോരധരങ്ങള്‍ വരണ്ടുകീറുന്നല്ലോ.
അറിക,ശരീരത്തിന്‍ രക്ത ചംക്രമണവും,ഞരമ്പിന്‍
സ്ഥായിയായ ചോദന പ്രകാശവും,
പിടിവിട്ടകലുന്നു;നിസ്സഹായയായ് നില്പൂ
മൊഴിയുന്നിതാ നിന്റെ തായയാം ധരിത്രി ഞാന്‍ !
ഒരിക്കല്‍ നിറദുഗ്ദ്ധംചുരത്തി നിന്നോരെന്റെ
സ്തനങ്ങള്‍ വറ്റിപ്പോയീ;മാതാവുകരയുന്നൂ.
നശിച്ചു പോകുന്നൊരു മസ്തിഷ്ക ബാക്കിപത്രം,
വരണ്ട മിഴിയാലെ ;പഴമയോര്‍ത്തീടുന്നു...
* * * * * * *
ഒരു നാളിലൊരുനാളിലറിയാത്തദിവസത്തി -
ലായിരം ഹരിതാഭവര്‍ണ്ണം വിരിയുന്ന -
പൂങ്കാവനങ്ങളും,പിന്നെ മനസ്സിന്റെ മണിയറയ്ക്കുള്ളില്‍
വിരിയും കിനാവുപോലെന്നില്‍ കിളിര്‍ത്തതാം
മധുര മനോജ്നാര്‍ദ്ര സപ്തസ്വരങ്ങള്‍ തന്‍ സാക്ഷാത്ക്കരങ്ങളായ്
ജീവനധാരയാം സസ്യലതാദിയും.
പൂന്തേന്‍ നുകരുന്ന വണ്ടിന്റെ മധുരമാ മീണംമുഴങ്ങുന്ന-
ഗാനങ്ങളും,മേഘരാജന്‍ വിടര്‍ത്തിയ വര്‍ണക്കുടയ്ക്കുള്ളി-
ലെന്റെമനോഹര ബാല്യ കാലത്തിലെ-
പൊന്മണി ചെപ്പുകള്‍ രൂപന്താരത്തിന്റെ-
ധന്യ മുഹൂര്‍ത്തതിന്‍ സാക്ഷിയായപ്പോഴും,
പിച്ചവച്ചന്നു നടന്നു ലോകത്തിന്റെ
പുത്തന്‍ കിനാവുകളെന്റെ മനസ്സിന്റെ
സുപ്രഭാതം പോലെ നിന്നൊരാ ബോധാമാം-
മണ്ഡല മണ്ഡപത്തില്‍ നിരന്നപ്പോഴും,
ബാല്യ ചാപല്യമതൊട്ടു കടന്നുപോയ്,
പുഷ്പിണിയാകുവാന്‍ വെമ്പിനിന്നപ്പോഴും,
ദാഹാര്‍ത്തമാകും മനസ്സിന്റെ മാത്രമ-
ല്ലായിരം രാവുകളൊന്നായ് പ്രതീക്ഷിക്കു
മാരോഗ്യ മൊന്നായിയന്ന ശരീരത്തിന്‍
ദാഹവും പിന്നെയെന്‍ സ്വപ്നമോഹങ്ങളും.
മാമക ദാഹങ്ങളൊന്നായ് ശമിപ്പിക്കാന്‍
മേഘക്കുടകള്‍ക്കിടയിലൂടെ വന്ന മേഘകുമാരനാ
മെന്റെ പ്രതീക്ഷയെ യുപചാരപൂര്‍വ്വംക്ഷണിക്കുന്ന നേരത്തോ-
അവനൊരു മാരിയായെന്നെ പ്പുണര്‍ന്നതും,
സാത്വിക ദാനമായന്നു ലഭിച്ചോരാ-
മക്കളെപ്പോറ്റാന്‍ സമര്‍പ്പണം ചെയ്തതും.
നിന്‍ മൃദു സ്പര്‍ശനമാകിയ രശ്മിക-
ളെന്റെ യാത്മാവില്‍ കുളിര്‍ നിറച്ചപ്പൊഴും,
മക്കള്‍ക്കു വേണ്ടിയവര്‍ തന്നന്തര-
ഗാമികള്‍ക്കായി സഹിച്ചു നിന്നപ്പോഴും....
* * * * * * *
അന്നൊന്നു മോര്‍ത്തില്ല നിന്‍ കണ്മുനകളാം
ജ്വാലകള്‍ക്കീവിധം ശക്തിയാകാമെന്നും
നീയൊരു സംഹാരരൂപിയാകാമെന്നും
തീമഴയായിത്തപിപ്പിക്കാനാമെന്നും! ......
ഇന്നു സര്‍വ്വംസഹയായ ഞാനറിയുന്നു
ഇതുനിന്റെ കുറ്റമല്ലല്ലോ ?!..........................
മുന്മുറക്കാരായ മക്കള്‍നിവര്‍ത്തിയ വെണ്‍കുടക്കീഴിലാ
യന്നുസുരക്ഷിത ഗാത്രയായ് നിന്ന ഞാനിന്നറിഞ്ഞീടുന്നു..............
ഇതു നിന്റെ കുറ്റമല്ലല്ലോ ?!.........................
പിന്‍തലക്കൂട്ടരാം കുട്ടികളെ നിങ്ങള്‍
എന്തിനു വെറിയന്മാരായി ?!................
എന്നെ മറന്നൊരാനാള്‍ മുതല്‍ നിങ്ങളോ
സ്വയമേ ശവക്കുഴി തോണ്ടി !........
പരിഭവമില്ലൊട്ടുമീ ജനനിയ്ക്കതില്‍
അമ്മതന്‍ അര്‍ത്ഥം`സഹനം `!....
പക്ഷെയറിയുക,ആരുപകര്‍ന്നേകും
ജീവന്റെ ജലപാത്ര ദാനം ?!...........
എന്റെയുറവകള്‍ വറ്റി വരണ്ടതു
നിങ്ങളും കാണാതെ പോയോ ?!....
കന്നുകാലിക്കൂട്ടം ,വൃക്ഷലതാദികള്‍
പിഞ്ചു കുഞ്ഞെല്ലാം മരിപ്പൂ !!.......
മാമക ദേഹത്തുനിന്നു പ്രഹേളിക
പോല്‍ പുകയൊന്നായ്‌വമിപ്പൂ .
വിണ്ടു വരണ്ടു കീറിപ്പോയ ദേഹത്തില്‍
സൂര്യതീ വീണ്ടും പതിപ്പു !..................
വേദനയാലെ പുളയുന്നു പട്ടട -
പ്പാട്ടുമുഴങ്ങുന്നു കേള്‍ക്കൂ !..................
എങ്ങു പോയെന്റെ മേഘക്കുട,ആരാനും
ഒന്നുതന്നീടുമോ വേഗം!....
``ഉടനേതിരിച്ചു പോയീടണം ബാല്യത്തില്‍ `
കേട്ടിടാനരുമില്ലല്ലോ ?!..............................
``ഒരുതുള്ളി വെള്ളമെന്‍ ചുണ്ടിലിറ്റിച്ചിടാന്‍ ``....................
കേട്ടിടാനാരുമില്ലല്ലോ ?!................................................
ഡോ.എം.എസ്.ശ്രീകുമാര്‍
.
YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING... http://sreekavyasree.blogspot.in/
സൃഷ്ടി -1986.
പുന:സൃഷ്ടി-27-3-`11.
To watch with visual/font perfection, enter the blogger through the GOOGLE CHROME/FIREFOX search engines.......(applicable for all posts of Sreethaalam.blogspot.com.)
ശ്രീതാളം അക്ഷര പൂര്‍ണ്ണതയോടെ കാണുവാന്‍ കമ്പ്യൂട്ടറില്‍ നല്ല മലയാളം ഫോണ്ട്സ് ( ഉദാ `അഞ്ജലി ഓള്‍ഡ് ലിപി ഫോണ്ട്സ് `)ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
(എല്ലാ ശ്രീ താളം പോസ്റ്റുകള്‍ക്കും ബാധകം)..................................................................................
i am too small to understand your mind.a poet`s mind is a mystery
മറുപടിഇല്ലാതാക്കൂmaheen