ശ്രീതാളം അക്ഷര പൂര്‍ണ്ണതയോടെ കാണുവാന്‍ കമ്പ്യൂട്ടറില്‍ നല്ല മലയാളം ഫോണ്ട്സ് ( ഉദാ `അഞ്ജലി ഓള്‍ഡ് ലിപി ഫോണ്ട്സ് `)ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
(എല്ലാ ശ്രീ താളം പോസ്റ്റുകള്‍ക്കും ബാധകം)
..................................................................................................
ഇരുളിലാണെന്നാലുമൊരു കൈത്തിരിവെട്ടം
തെളിയുന്നനേരവും നോക്കിയിരിപ്പു ഞാന്‍ .
പതിതനല്ലാകിലും വിധി തന്റെ ക്രൂരമാം
വിരലിനാല്‍ മിഴികളിന്നെന്തേ നിറയുവാന്‍ ?
നിരവദ്യ സുന്ദരമാമീ പ്രപഞ്ചത്തിന്‍
നിര്‍വൃതിയേകുന്ന കരലാളനകളും
ഒരു നിത്യനൊമ്പരത്തിന്റെ മൌനത്തിന്റെ
ശിലകളാല്‍ തീര്‍ത്തൊരു ശില്പങ്ങളൊക്കെയും,
എങ്ങനെ യിന്നെന്നെ എകാന്തനാക്കിക്കൊ-
ണ്ടങ്ങകലെ ചക്രവാളത്തിന്‍ സീമയില്‍
ഒരു ഗദ്ഗദമായ്, ഒരു ദുഃഖ ഗാനമായ് -
പിരിയാന്‍ മടിച്ചു കൊണ്ടന്നു കടന്നുപോയ് .
മനസ്സിന്റെ ചില്ലിട്ട കൂട്ടിലെ സ്വപ്‌നങ്ങള്‍
മറുപടി പറയാതെ പോയ ദിനത്തിന്റെ
നൊമ്പരം കിനിയുന്നോരോര്‍മ്മതന്‍ തുള്ളികള്‍
ഇന്നെന്‍ മനസ്സിന്റെ കൂട്ടുകാരായിതോ ?!
തീവ്രമാം വേദനയെന്റെ മാംസത്തിന്റെ
നെഞ്ചിലായ്തന്റെ നഖങ്ങള്‍ വിടര്‍ത്തുമ്പോള്‍
അത്യന്ത തീക്ഷ്ണമാം രശ്മി കളിന്നെന്റെ
ദൃഷ്ടിപഥത്തിനെ മഞ്ഞളിപ്പിക്കുമ്പോള്‍
ഒരുസ്വപ്നമൊരു ഗാനമൊരു ശ്രുതി മാത്രമ -
ല്ലത്യഗാധതയില്‍നിന്നുയരുന്ന ഒരുശാന്തി
മന്ത്രത്തിനീണത്തിന്‍ സംഗമ സായൂജ്യ
ശാന്തിലയത്തിനായ് കാതോര്‍ത്തിരിപ്പു ഞാന്‍ .
ഇല്ല വരാതിരിക്കില്ല വെളിച്ചത്തിന്‍
സ്വര്‍ണ രഥവും വലിച്ചു കൊണ്ടായിരം
വര്‍ണപ്രഭയില്‍ തിളങ്ങി വിളങ്ങുന്ന
ഇന്നെന്റെ സ്വപ്നമായോരു കാലൊച്ചകള്‍!.............................(1987)
ഡോ.എം.എസ്.ശ്രീകുമാര്‍.
( വെറ്റെറിനറി കോളേജ് വിദ്യാര്‍ഥികള്‍ തൃശൂര്‍ അമല കാന്‍സര്‍ഇന്‍സ്റ്റിട്യൂ ട്ട്
സന്ദര്‍ശിച്ച് രോഗികള്‍ക്കായി കലാസാഹിത്യ പരിപാടികള്‍ നടത്തിയപ്പോള്‍
അവതരിപ്പിച്ച കവിത .)
YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING... http://sreekavyasree.blogspot.in/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ