http://sreethaalam.blogspot.in/

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

`Bhaadra padhikar`-Poetry- Voice Dr.M.S.Sreekumar&Dr.P.Sreedevi

ഭാദ്ര പഥികര്‍
മലയാളം കവിത-രചന-ഡോ.എം.എസ്.ശ്രീകുമാര്‍ .
ആലാപനം ഡോ.എം.എസ്.ശ്രീകുമാര്‍ -ഡോ.പി.ശ്രീദേവി 

















നീര്‍ മാതളത്തിന്റെ ശാഖി തന്‍ ചോട്ടിലും 
ഓര്‍മ്മകള്‍ ലാളിയ്ക്കും ദുഃഖം
കാര മുള്ളാലെ ഇടയ്ക്കൊന്നു കുത്തിടും 
പോലെ വിരഹത്തിന്‍ ദുഃഖം !

എരിയുന്ന വേനലില്‍ പൊടിയൂറും കാറ്റിലായ്‌
ഏകാന്തതയുടെ ദുഃഖം 
നഷ്ട മായ്പ്പോയ പകലുകള്‍ ഓര്‍ക്കുമ്പോള്‍ 
നെഞ്ചില്‍ നിറയുന്ന ദുഃഖം !

കാര്‍മേഘം മാനത്തിരുണ്ടുകൂടീടുമ്പോള്‍ 
അരികിലില്ലാത്തതിന്‍ ദുഃഖം 
കുളിര്‍ മഴ മണ്ണില്‍ച്ചിതറുമ്പോള്‍ നിന്നീറന്‍
വദനത്തെക്കാണാത്ത ദുഃഖം!

നാരങ്ങ ചുറ്റും ഉറുമ്പായി ലക്ഷ്യങ്ങള്‍ 
തേടിയതോര്‍ത്തൊരു ദുഃഖം 
നാരായ വേരും മുറിച്ചു മാറ്റി ക്കൊണ്ടു
ദൂരെപ്പറന്നൊരു ദുഃഖം !

ആലിപ്പഴങ്ങള്‍ പൊഴിയുമ്പോള്‍ ഭൂമിയ്ക്ക 
തലിയുന്ന കാണുവാന്‍ ദുഃഖം 
മനസ്സിന്റെ യാലിപ്പഴത്തിനു നിന്നോടൊ
ന്നലിയാതി രുന്നതില്‍ ദുഃഖം! 

ആരാമ ഭംഗി നിറഞ്ഞൊരു പുലര്‍കാല 
വേളകളോര്‍ക്കുമ്പോള്‍ ദുഃഖം 
പകലോന്റെ കതിരുകളെത്തുന്ന മുന്നേ 
പ്രയാണം തുടങ്ങുമ്പോള്‍ ദുഃഖം !

മുഴങ്ങും മണി തന്റെ  താളങ്ങള്‍ കേള്‍ക്കുമ്പോള്‍
അലയൊലി പോലുള്ള ദുഃഖം 
നേര്‍ത്തു നേര്‍ത്തില്ലാതെയാകുന്ന കാറ്റിലും
സ്നേഹ മണമൂറും ദുഃഖം !

പൂക്കളിറുത്തു നിറുകയില്‍ ചൂടിയ 
പൂക്കാലമോര്‍ത്തിന്നു ദുഃഖം 
ആമ്പലും അമ്പല വാപിയും കാണാത്ത 
ആത്മനഷ്ടത്തിന്റെ ദുഃഖം !

നക്ഷത്ര ദീപങ്ങള്‍ മിന്നിനില്‍ക്കുന്നൊരു 
കാറ്റാടിച്ചില്ലയില്‍ ദുഃഖം 
കാറ്റിലൊഴുകുന്ന നേര്‍ മര്‍മ്മരത്തിലും 
കരിനീല മിഴിയിലും ദുഃഖം!

കുലംകുത്തിയൊഴുകുന്ന നദിയിതു കാണുമ്പോള്‍
സൗമ്യ മെന്‍പുഴയോര്‍ത്തു ദുഃഖം 
വീശിയടിയ്ക്കും കൊടുംകാറ്റിതറിയുമ്പോള്‍
എന്നിളം കാറ്റോര്‍ത്തു ദുഃഖം! 

രാവിന്‍ തണുത്ത നിശ്ശബ്ദ ഭാവത്തിലും 
വന ജ്യോത്സ്ന ഗന്ധത്തിന്‍ ദുഃഖം 
രാക്കിളിയൊന്നേതും പാട്ടുപാടാത്തൊരീ
പാതിരാ മാറിലും ദുഃഖം !

നീളുന്ന നീളുന്ന പാതകള്‍ കാണുമ്പോള്‍ 
എന്നിട വഴിയോര്‍ത്തു ദുഃഖം 
മായുമീ സൂര്യനെക്കാണുമ്പോള്‍ എന്‍ 
അന്തി വെയിലിന്റെ പ്രഭയോര്‍ത്തു ദുഃഖം 

പിരിയുന്ന രാവിന്റെ പുലരിയ്ക്കുമുമ്പുള്ള 
ഇറുകിപ്പുണരലിന്‍ ദുഃഖം 
മൊഴി യൊന്നുമൊന്നുമേ പാടാതെ നില്‍ക്കേണ്ടും
കുയിലിന്റെ കരളിന്റെ ദുഃഖം !

നിനയ്ക്കുന്ന നേരത്തു തീരാത്ത കൃത്യങ്ങള്‍ 
തോരാത്ത പേമാരി പോലെ ദുഃഖം 
ഒരു ചുംബന സ്പര്‍ശമേല്‍ക്കാതുറങ്ങിയ 
ഇളം കുഞ്ഞു പൂവിന്റെ മൂക ദുഃഖം!

വ്യഥയിലും മനസ്സില്‍ മറക്കാതെ പോയൊരു 
കനകച്ചിലങ്കയില്‍ ദുഃഖം 
മുഖ മാകെ പ്പടരുന്ന കാര്‍കൂന്തലത്തിന്റെ 
നേര്‍ത്ത ഗന്ധത്തിലും ദുഃഖം !

വിളറി വെളുത്തൊരീ മാനത്തിന്‍  കാര്‍മേഘ 
നിഴലുകള്‍ കാണുമ്പോള്‍ ദുഃഖം 
നീളും നിലാവുമെന്‍ ഊഞ്ഞാലിനോര്‍മ്മയും
മാടി വിളിയ്ക്കുമ്പോള്‍ ദുഃഖം 

അകലെ നിന്നംഗുലിയാലെയീത്തന്ത്രികള്‍ 
മീട്ടിയെന്നാകിലും ദുഃഖം 
അറിയാതെ പോകുന്ന അനവരതമറിയുന്ന  
സ്മൃതിയിലൊന്നാകവേ ദുഃഖം !

ഓണ നിലാവിലും ഈ പ്രവാസത്തിലും 
നീറും നേരിപ്പോടിന്‍ ദുഃഖം 
ഓര്‍മ്മകള്‍ ചാലിച്ച പൂനിലാച്ചിത്രത്തില്‍ 
ചായം പടര്‍ന്നൊരു ദുഃഖം !

ഒരു നേര്‍ത്ത തഴുകലായ് വഴിയുന്ന മൊഴിയിലും 
ഒളിയ്ക്കുമാ ഹൃദയത്തിന്‍ ദുഃഖം 
മറക്കാന്‍ കൊതിയ്ക്കും മനസ്സിന്റെ തേങ്ങല്‍ 
മറയ്ക്കുവാന്‍ നോക്കുമ്പോള്‍ ദുഃഖം !

ദുഃഖരാവൊന്നാകെ ചൊല്ലാന്‍ കൊതിച്ചിട്ടും 
പറയാതെ പറയുന്ന ദുഃഖം 
മൌന രാഗത്തെ മനസ്സില്‍ നിറച്ചിന്നു 
മൂകമായ് നില്‍ക്കേണ്ടും ദുഃഖം 
ഒരോണനിലാവിന്റെ ദുഃഖം !

ദുഃഖ നീര്‍ത്തുള്ളികളായ നമുക്കൊന്നു
ചേര്‍ന്നൊരു സാഗര മാകാം...
ശാന്തി പ്രേമത്തിന്റെ മുത്തും പവിഴവും 
മുങ്ങിയെടുത്തങ്ങു നല്‍കാം- 
ഒരോണ സമ്മാനമായ്‌ നല്‍കാം ...

പല ജന്മ ബന്ധത്തിന്നോര്‍മ്മയ്ക്കായ്‌ 
പണ്ടുനീ പാടിയ പാട്ടൊന്നു പാടാം 
മിഴികളാല്‍ നീട്ടിയ നിര്‍വൃതി പുഷ്പ്പങ്ങള്‍ 
മനസ്സാലെ മാറിലായ് ചേര്‍ക്കാം-
മനസ്സാലെ മാറിലായ് ചേര്‍ക്കാം !
ഈ കവിതയുടെ വീഡിയോ രൂപാന്തരം കാണുന്നതിനു താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
http://www.youtube.com/watch?v=V3a4QxoDA7U



YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/
(Dr.M.S.Sreekumar`s  exclusive site for Malayalam Poetry &Literature http://sreekavyasree.blogspot.com/  has come in a new form. Encourage the uplift and expansion of Our Mothertounge……………!)








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ